ജീവനക്കാരുടെ സമരം തുടരുന്ന ബോയിംഗ് വിമാന നിർമ്മാണ കമ്പനി ചെലവുകുറക്കുന്നതിന് ജീവനക്കാരെ ഒഴിവാക്കാൻ നീക്കം തുടങ്ങി. 17,000 പേരെ പിരിച്ചു വിടുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. വിമാന കമ്പനികളിൽ നിന്ന് നിലവിലുള്ള ഓർഡറുകൾ ഒരു വർഷത്തേക്ക് നീട്ടാനും കമ്പനി തീരുമാനിച്ചു. 33,000 ജീവനക്കാർ നടത്തി വരുന്ന സമരം അമേരിക്കൻ കമ്പനിയുടെ സാമ്പത്തിക അടിത്തറയെ തന്നെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സമരത്തെ തുടർന്ന് കമ്പനിയുടെ മൂന്നാം പാദ കണക്കുകളിൽ 50 ലക്ഷം ഡോളർ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളുമായി പൊരുത്തപ്പെടുന്നതിന് തൊഴിൽ ശക്തി കുറക്കാനാണ് തീരുമാനമെന്ന് ബോയിംഗ് സി.ഇ.ഒ കെല്ലി ഒർട്ട്ബർഗ് തൊഴിലാളികൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു.
വരും മാസങ്ങളിൽ തൊഴിലാളികളുടെ എണ്ണം 10 ശതമാനം കുറക്കാനാണ് തിരുമാനമെന്ന് ഒർട്ട്ബർഗിന്റെ സന്ദേശത്തിൽ പറയുന്നു. പ്രശ്നം സങ്കീർണ്ണമായതിനാൽ കമ്പനിയുടെ മുൻഗണനാ ക്രമങ്ങളിൽ മാറ്റങ്ങൾ ആവശ്യമാണ്. മാനേജർമാർ മുതൽ സാധാരണ ജീവനക്കാർ വരെയുള്ളവരുടെ എണ്ണം കുറക്കേണ്ടി വരും. അതേസമയം, പിരിച്ചുവിടൽ തീരുമാനം ജീവനക്കാരെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സഹായിക്കുമെന്നാണ് അമേരിക്കൻ ഓഹരി വിപണിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഇപ്പോൾ സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണ് അവർക്ക് മുന്നിൽ വരുന്നത്. ഒരാഴ്‌ചക്കുള്ളിൽ സമരം അവസാനിപ്പിക്കാനുള്ള അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തും. ന്യൂയോർക്കിലെ ഗ്രിൽ ഗേറ്റ് കാപ്പിറ്റൽ ഇക്വിറ്റി മാനേജർ തോമസ് ഹേയ്‌സ് പറയുന്നു.
സമരം മൂലം ബോയിംഗ് കമ്പനിയുടെ പ്രതിമാസ നഷ്ടം 10 ലക്ഷം ഡോളറാണെന്നാണ് കണക്കാക്കുന്നത്. കമ്പനിയുടെ 777 എക്സ‌് വിമാനങ്ങൾക്കുള്ള ഓർഡറുകൾ ഒരു വർഷത്തേക്ക് നീട്ടേണ്ടി വരും. അടുത്ത വർഷം നൽകാനുള്ള വിമാനങ്ങൾ 2026 ൽ മാത്രമേ നൽകാനാകുവെന്ന് വിമാന കമ്പനികളെ ബോയിംഗ് അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ 767 ഫ്രീറ്റർ പ്രോഗ്രാം 2027 ൽ അവസാനിപ്പിക്കാനും തീരുമാനമുണ്ട്. ഈ പ്രോഗ്രാമിൽ 29 വിമാനങ്ങൾ കൂടി നിർമ്മിക്കാനുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്പനിയുടെ ഓഹരികൾ വിൽപ്പന നടത്തി ഫണ്ട് സ്വരൂപിക്കാനും നീക്കം നടക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്‌തു. സാധാരണ ഓഹരികളും കൺവേർട്ടബൾ ബോണ്ടുകളും വിൽക്കാനാണ് ആലോചിക്കുന്നത്. ഒന്നര കോടി ഡോളർ സ്വരൂപിക്കാനാണ് ബോയിംഗ് ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Layoffs at Boeing, too. 10 percent may lose their jobs.